Friday, July 18, 2014

ക്രുത്യമായ ന്യായീകരണം നല്കാൻ കഴിയാത്ത പ്രവർത്തികൾ ഒന്നും ഒരു മനുഷ്യനു ചെയ്യാൻ കഴിയില്ല എന്ന് നിങ്ങൾ ധരിച്ച് വശാവരുത്. മനുഷ്യ മനസ്സ് ഒരു അമ്പല കാളയെപോലെ യാണു. ഒരു വിശുദ്ധ പശു. എന്നാൽ പശുവിനു അതിന്റെ തനതായ സത്വത്തിൽ നിന്നും വ്യതിചലിക്കാൻ കഴിയുമോ? അങ്ങനെ ചൈതാൽ അത് കടുവയോ, കുറുക്കനോ മറ്റോ ഒക്കെ ആകില്ലെ? അങ്ങനെ ഉള്ള ആ പശു ആരാന്റെ പറമ്പിലെ കുലക്കാറായ നേന്ദ്ര വാഴ കടിച്ചു എന്നിരിക്കട്ടെ അപ്പോൾ നമ്മൾ പറയും എന്റെ പശു അത് ചെയ്യില്ല. അതു ഞാൻ ഉണ്ടാക്കിയ ചായയും, പലഹാരങ്ങളും ബിരിയാണിയും മാത്രമേ കഴികൂ‍ൂ എന്ന്. അതുകോണ്ടാണു ഞാൻ പറയുന്നത് എന്റെ സുഹ്രുത്ത്തിനെ തെറ്റിദ്ധരിക്കരുത്. അവൻ പാവമാണു.

ഇപ്പോൾ രാത്രി മണി മൂന്നു കഴിഞ്ഞു, അരമണികൂറിലേറെ ആയി അയാൾ ഇപ്പോൾ എനിക്ക് അറിയാവുന്ന മറ്റോരു വീട്ടിൽ ഇരുന്ന് ചൂടുള്ള കാപ്പി ആറ്റികുടിക്കുകയാണു.

വൈകിയിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ്സിൽ യാത്രതിരികുമ്പോൾ ആണു ദിനേശ് വിളിച്ചത് “ എടാ നീ പീടികമുക്കിൽ ഇറങ്ങ്.. ഞാൻ ഇവിടെ ഉണ്ട്, സൂരജും വരാമെന്ന് പറഞ്ഞിട്ടുണ്ട് ” അപ്പോൾതന്നെ മനസ്സിൽ തോന്നിയതായിരുന്നു ദൈവമേ ഇന്നത്തെ കാര്യം കട്ടപ്പൊക.

മങ്ങിയ മഞ്ഞ വെളിച്ചത്തിൽ ശീതീകരിച്ച വലിയ ഹാളിൽ ആളോഴിഞ്ഞ ഒരു മൂലയിലെ മേശതിരഞ്ഞെടുത്ത് നടക്കുമ്പൊൾ ദിനേശ് പറഞ്ഞു. “സൂരജ് ഇപ്പോൾ എത്തും.” .
“എന്താടാ പതിവില്ലാതെ ഇന്ന് വീകെന്റ് അല്ലല്ലോ പിന്നെ എന്താ?” എന്ന ചോദ്യത്തിനു അവൻ കസേര വലിച്ചിട്ട് പറഞ്ഞു.“ അതൊക്കെ ഉണ്ടെടാ.. ഇന്ന് എന്റെ വക ”
മേശക്കു മുകളിൽ ഗ്ലാസ്സിൽ നിന്നും സ്ത്ഥാനം തെറ്റി പരന്ന വെള്ളത്തിൽ കോഴിയുടെ മ്രുദുല അസ്ഥികൾ കുതിർന്ന് കിടന്നിരുന്നു. അപ്പൊഴേക്കും മേശ വ്രുത്തിയാക്കൻ എത്തിയ തമിഴൻ ചെക്കൻ ചോദിച്ചു “ എന്ന സാർ .. റൊമ്പ നാളാച്ച് പാക്കലയേ”
“ഉന്നോട സാർക്ക് ഇന്നിക്ക് ലോട്ടറി അടിച്ചിറുക്ക്” പറഞ്ഞു തീർന്നതും സൂരജ് എത്തി. “ ഇന്ന് ഒഫ്ഫീസിൽ കുറച്ച് ജോലി കൂടുതൽ ഉണ്ടായിരുന്നു.. ഒരു ആസ്റ്റ്രേലിയൻ ഗുസ്റ്റ് വന്നിരുന്നു കൂടെ ഒരു മലെഷ്യക്കാരി സെക്രട്ടറിയും” കണ്ണട ഊരി മേശയിൽ വെച്ച് കണ്ണുതിരുമ്മി അവൻ പറഞ്ഞപ്പൊൾ പ്രത്യേകിച്ച് സവിശേഷതകൾ ഒന്നും ഇല്ലാത്ത ആസ്സ്റ്റ്രേലിയക്കാരനും, ഇറുകിയ ഹാല്ഫ് സ്കർട്ടും ടീഷർട്ടും ധരിച്ച ഇന്ദോനെഷ്യക്കാരി സെക്രട്ടറിയും മനസ്സിൽ തെളിഞ്ഞു.
“ സെക്ക്രട്ടറി എങ്ങനെ” ദിനേഷ് ചോദിച്ചു.
“വ്രുത്തികെട്ടവൻ മാർ .. നന്നായിക്കൂടെടാ ഇനിയെങ്കിലും. കാലം കുറെ ആയല്ലോ.. ഇതിനാണൊ എന്നെ ഈ നരകത്തിലേക്ക് വിളിച്ച് വരുത്തിയത്?”
സംസാരിച്ചും തമാശകൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല. “സമയം പത്ത് കഴിഞ്ഞു എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. സൂരജ് പരാതിപെട്ടു. ” ഓക്കെ എന്നാൽ നീ വിട്ടോ“ ഇരുവരും അവനെ യാത്രയാക്കി.

ഇനി നമ്മൾ അവിടം വിട്ട് സൂരജിന്റെ പിന്നാലെയായിരിക്കും യാത്ര ചെയ്യുക.കാരണം മറ്റവന്മാർ കഥയില്ലാത്തവരാണു.
അവിടെനിന്നും നേരെ വീട്ടിൽ എത്തിയ സൂരജ് കൈകഴുകി മേശമേൽ അടച്ചു വെച്ചിരുന്ന അഹാരം വിളമ്പി കഴിക്കുകയും മുറിയിലെ വെളിച്ചം കെടുത്തി ഉമ്മറത്തെ കസേരയിൽ വന്നിരിക്കുകയും ചൈയ്തു. ഉറക്കം വന്നിട്ട് അവിടംവിട്ട സൂരജ് എന്തിനു കസേരയിൽ വന്നിരുന്നു എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. കാലേ സമാഗതമാകിയ ദുര്യോഗം തട്ടിമാറ്റാൻ കഴിയില്ല എന്നുമാത്രമാണു ഇത്തരുണത്തിൽ എനിക്ക നിങ്ങളോട് പറയാനുള്ളത്.
അയാൾ നാലുവീട് അപ്പുറത്തുള്ള കർത്യായനിയുടെ വീട്ട്ലേക്ക് ഇരുട്ടിൽ ഇരുന്നുകൊണ്ട് ഇടക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. അവരുടെ സുന്ദരിയായ മകൾ അമ്മുവിന്റെ കടാക്ഷം അയാളെ മദിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ. ഒരിക്കൽ വൈകിയിട്ട് അമ്പലത്തിൽ തോഴാൻ ചെന്നപ്പോൾ തൊട്ടടുത്ത് ഈറൻ ഉടുത്തു വന്നുനിന്ന അവളുടെ നിശ്വാസം പ്രാർഥനയേക്കാൾ വലിയ ശബ്ധത്തിൽ അവന്റെ കാതുകളിൽ ഇടതടവില്ലാതെ അലച്ചു. ദീപപൃഭയാൽ ജ്വലിച്ചുനിന്ന ദേവീ വിഗ്രഹത്തിൽ അവൻ അവളെ ഇരുത്തി. അമ്മേ ദേവീ നീയേ ശരണം...
പ്രസാദം നെറ്റിയിൽ തൊട്ട് അവൾ തിരിച്ച് നടക്കുമ്പോൾ അപ്പൊളും പ്രാർത്ഥനയിൽ ആയിരുന്ന അവനെ അവൾ നോക്കിയത് ഇടത്തെ കണ്ണിന്റെ കാഴ്ച്ചവട്ടത്തിൽ അവൻ കണ്ടു. ദേവി കടാക്ഷിച്ചതിൽ ധന്യനായി സൂരജ് വീട്ടിലെക്കും.
പുറത്ത് നല്ല നിലാവെളിച്ചം അവൻ കസേരയിൽ ഇരുന്നുകൊണ്ട് കാർത്യായനിയുടെ ഓടിട്ട വീട്ടിലേക്കുതന്നെ നൊക്കി എന്തൊക്കെയോ ആലൊചിച്ച് കൂട്ടുന്നു. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു. കസേരവിട്ട് മുറ്റത്തെ നിലാവെളിച്ചത്തിൽ നിന്ന് നോക്കാൻ തുടങ്ങി. മുണ്ട് മടക്കി കുത്തി പതുക്കെ ഒച്ചവെക്കാതെ ഒരു കള്ളനെപൊലെ പതുങ്ങി ഗേറ്റ് കടന്ന് ഇടവഴിയിലൂടെ കൂനി നടക്കുമ്പൊൾ രാത്രികാലങ്ങളിൽ ഇരതെടുന്ന പാമ്പിനെ പറ്റി അയാൾ ഓർത്തില്ല. ഇപ്പോൾ കർത്യായനിയുടെ വീട് തെളിഞ്ഞ് കാണാം. വേലിക്കരികിൽ മൂത്രം ഒഴിക്കാൻ ഇരുന്നു ചുറ്റിലും നോക്കി തലപൊക്കി വേലിക്കപ്പുറത്തെക്ക് വലിഞ്ഞു നൊക്കിയപ്പോൾ പീച്ചാം കുഴലിൽ നിന്നും പീച്ചിയ പോലെ ഇടവിട്ട് രണ്ടുതവണ മൂത്രം പോയി. വേലിചാടി വീട്ടിനടുത്ത് ചെല്ലുമ്പോൾ അയാൾ മണം പിടിച്ച് പതുങ്ങിനീങ്ങുന്ന ഒരു പൂച്ചയെ ഓർത്തു. ജനലിനടുത്ത് എത്തിയിരിക്കുന്നു സാധനം. മുന്നിൽ കണ്ട ജനൽ സാവകാശം തള്ളാൻ ശ്രമം നടത്തി പരാജയപ്പെട്ടു. വീണ്ടും തള്ളിനോക്കി. പിന്നെ വീടിനു വശത്തുകൂടെ പതുങ്ങി നടന്ന് പിന്നിൽ ചെന്നപ്പൊൾ പേരമരത്തിൽ ചാരിവെച്ചിരിക്കുന്ന ഒരു ഏണി കണ്ണിൽ പെട്ടു. കുറച്ച് നേരം അതിൽതന്നെ നോക്കിനിന്ന ശേഷം പതുക്കെ ഏണിപൊക്കി വീടിന്റെ ഓടിനോട് ചേർത്തിവെച്ചു. ഓരൊ കാലും എടുത്ത് മാറ്റിവെക്കുമ്പൊൾ കോണിവിറക്കുന്നുണ്ടായിരുന്നു. കാലിനുകീഴെ പഴകിയ ഓടുകൾ ഒച്ചവെക്കാതെ ഞരങ്ങി. അമ്മുവിന്റെ മുറി ഏതായിരിക്കും?. ഇത് അടുക്കള അപ്പുറം ഇടനാഴി അതിനോട്ചേർന്ന് ഒറ്റമുറി. ഓടിട്ട വീടിന്റെ സ്കെച്ച് അവന്റെ ഉള്ളിൽ തെളിയുകയായിരുന്നു. അവൾ കിടക്കുന്നത് മുറിയിലായിരിക്കണം കാർത്യായനി ഇടനാഴിയിലും.
ഒന്ന് കാണണം അത്രയെ ഉള്ളൂ കെട്ടൊ. നിങ്ങളാരും അനാവശ്യമായി ചിന്തിച്ച് ആ സാധുവിനെ ഒരു ക്രിമിനൽ ആക്കരുത്.
അതുകോണ്ടാണു ഞാൻ നേരത്തെ പറഞ്ഞത് മനുഷ്യമനസ്സ് മൂക്കുകയർ ഇടാത്ത ഒരു അമ്പലക്കാളയെ പോലെയാണെന്ന്.
വിറക്കുന്ന കാലുകൾക്കടിയിൽ ഓടിനുതീരെ ബലമില്ലെന്ന് അവൻ തൊന്നാന്തുടങ്ങി . ഇടത്തെകാൽ ചെരിച്ച് വെച്ച് കൈരണ്ടും ഓടുകളിൽ അള്ളി വലത്തെകാൽ മുന്നൊട്ടാഞ്ഞപ്പോൾ പിന്നിലെ കാലിനടിയിൽ ഒരു പൊട്ടൽ .. കാലുതാഴുന്നത് അറിയുന്നതിനുമുന്നെ അവൻ കഴുക്കോലുപൊട്ടി പകുതി അകത്തായി. “അയ്യോ” ഒള്ളിൽനിന്നും ഒരു നിലവിളി ഉയർന്നു ഒപ്പം വെളിച്ചവും തെളിഞ്ഞു. അപ്പോഴെക്കും എല്ലാം കൂടി ഒടിഞ്ഞുകുത്തി ആ സാധു കുറച്ച് ഓട്ടിൻ കഷ്ണങ്ങളും ദ്രവിച്ച അലകുകളുമായി ഇതാ കാർത്യായനിക്ക് മുന്നിൽ വന്ന് പതിച്ചിരിക്കുന്നു.
“ അല്ലാ എന്താപ്പൊ കുട്ടി ഈ നേരത്ത്, അതും ഇങ്ങനെ” കർത്ത്യായനി കൈ മുഖത്ത്കുത്തി അന്തംവിട്ടു. അമ്മു തൊട്ടടുത്ത് പേടിച്ച് കർത്യായനിയെ കെട്ടിപിടിച്ച് നില്ക്കുന്നു. അതിനേക്കാൾ ഭയന്ന് സൂരജ് അവരെ നോക്കി തലയിൽനിന്നും ഓട്ടിൻ കഷ്ണങ്ങളും അലകും കൈകൊണ്ട് പറിച്ചിടുന്നു.
സൂരജിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷെ കാർത്യായനി പേടിച്ച് വിറച്ച് വശായി നിലത്ത് കിടക്കുന്ന ആ സാധുവിനെ താങ്ങി എടുത്ത് ചുമരിനോട് ചാരി ഇരുത്തി ഇങ്ങനെ പറഞ്ഞു “അമ്മോ ഈ കുട്ടികിത് എന്താപറ്റ്യേ. നീയ് പോയി ഇത്തിരി വെള്ളം തളപ്പിച്ച് ഒരു കാപ്പിയിട്ടേ”....


No comments:

Post a Comment